×
Home Latest News Kerala India World Business Entertainment Sports Health Technology

ആർത്തവ സമയത്ത് വർക്കൗട്ട് നടത്താമോ?  ശരിയായ വേഷം എന്താണ്? വര്‍ക്ക്‌ ഔട്ടിനിടയില്‍ മുടി എങ്ങനെ സംരക്ഷിക്കണം? ജിമ്മില്‍ പോകുന്ന സ്ത്രീകള്‍ അറിയൂ

By David Sherfinski and Stephen Dinan - The Washington Times

ദൈനംദിന ജോലികൾക്ക് ഒപ്പം ആരോഗ്യപരിപാലനത്തിന് സമയം കണ്ടെത്തുക എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം അൽപ്പം പ്രയാസമുള്ള കാര്യം തന്നെയാണ്. ദിവസവും 45 മിനിറ്റ് നേരം ജിമ്മിൽ ചെലവഴിക്കാനായി മാറ്റിവയ്ക്കുക എന്നത് പലപ്പോഴും അവരെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയായിരിക്കും.

തടസ്സങ്ങളെയെല്ലാം മറികടന്ന് ജിമ്മിൽ പോകാൻ സമയം കണ്ടെത്തിയെങ്കിൽ തീർച്ചയായും നിങ്ങൾ അഭിനന്ദനാർഹയാണ്! ജിമ്മിൽ പോകുന്ന സമയത്തും ശേഷവും ചേയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ നിങ്ങൾ വായിച്ചു മനസ്സിലാക്കിയിരിക്കും. എന്നാൽ, ജിമ്മിൽ പോകുമ്പോൾ പാലിക്കേണ്ട ശുചിത്വത്തെ കുറിച്ചുള്ള ചില കാര്യങ്ങൾ നിങ്ങൾ അവഗണിക്കാൻ സാധ്യതയുണ്ട്. ശുചിത്വകാര്യത്തിൽ ഒരു സ്ത്രീ എന്ന നിലയിൽ നിങ്ങൾ ഊന്നൽ കൊടുക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

മുടിയുടെ സംരക്ഷണം: നിങ്ങൾ കൂടുതൽ വ്യായാമം ചെയ്യുമ്പോൾ കൂടുതൽ വിയർക്കുകയും മുടിയിൽ വിയർപ്പ് തങ്ങി നിന്ന് അത് ഭാരമുള്ളതും ഒട്ടിപ്പിടിക്കുന്നതുമായി മാറുകയും ചെയ്തേക്കാം. അതിന് എന്തു ചെയ്യാൻ സാധിക്കും? ജിമ്മിൽ നിന്ന് ഇറങ്ങിയ ശേഷം കഴിവതും വേഗം മുടി കഴുകുകയും കണ്ടീഷൻ ചെയ്യുകയും വേണം. അല്ലെങ്കിൽ, നിങ്ങൾക്ക് ആരോഗ്യമുള്ള ശരീരവും അഴകില്ലാത്ത മുടിയും ആയിരിക്കും ലഭിക്കുക. മുടിയുടെ അവസ്ഥ നിങ്ങൾ അത് കൈകാര്യം ചെയ്യുന്ന രീതിയെ ആശ്രയിച്ചിരിക്കുമെന്ന് ഓർക്കുക.

ജിമ്മിൽ വ്യായാമം തുടങ്ങുന്നതിനു മുമ്പ് അൽപ്പം ഡ്രൈ ഷാമ്പൂ മുടിവേരുകളിൽ പുരട്ടുന്നത് നന്നായിരിക്കും. ഇത് അധികമായുണ്ടാവുന്ന ഈർപ്പം വലിച്ചെടുക്കുകയും മുടിയെ വിയർപ്പിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.

വ്യായാമത്തിനു ശേഷം മുടി ഇളം ചൂടുവെള്ളത്തിൽ കഴുകുകയും ഒരു ക്ളെൻസിംഗ് കണ്ടിഷനർ ഉപയോഗിക്കുകയും ചെയ്യുക. കൈയിൽ ക്ളെൻസിംഗ് കണ്ടീഷനർ ഇല്ലെങ്കിലും ഡ്രൈ ഷാമ്പൂ പുരട്ടിയിട്ടുണ്ടെങ്കിൽ അത് സഹായകമാവും. തലകഴുകുമ്പോൾ എണ്ണമയവും വിയർപ്പും കുതിർത്തു കളയാൻ ഷാമ്പൂ സഹായിക്കും.

(image)

പോണിടെയിൽ വേണ്ട – അതെ! ജിമ്മിൽ പോകുമ്പോൾ മിക്ക സ്ത്രീകളും തങ്ങളുടെ മുടി പോണിടെയിൽ രീതിയിൽ കെട്ടിവയ്ക്കാനാണ് ആഗ്രഹിക്കുന്നത്, എങ്കിലും അത് വേണ്ട. കാരണം അത് മുടി വേരുകൾക്കും മുടിയുടെ അരികുകൾക്കും സമ്മർദം നൽകും. സാധാരണ ബണ്ണും തുണികൊണ്ടുള്ള ഹെഡ്ബാൻഡും അല്ലെങ്കിൽ ഫിഷ് ടെയിൽ, തുടങ്ങിയവയാവും വ്യായാമത്തിന് അനുസൃതമായിട്ടുള്ളവ.

 

ആർത്തവ സമയത്ത് വർക്കൗട്ട് നടത്താമോ? : പഴമക്കാർ പറയുന്നത് കേട്ട് വളർന്ന നമുക്ക് ആർത്തവസമയത്ത് വ്യായാമം ചെയ്യുന്നതിനെ കുറിച്ച് പല മിഥ്യാധാരണകളും ഉണ്ടായിരിക്കും. ആർത്തവ സമയത്ത് ഉത്കണ്ഠ, അസ്വസ്ഥത, ഭക്ഷണത്തോടുള്ള അമിത താല്പര്യം, വിഷാദം തുടങ്ങിയ അവസ്ഥകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഈ സമയത്ത് വ്യായാമം ചെയ്യുന്നത് അത്ര സുഖകരമായ കാര്യമല്ലായിരിക്കാം. എന്നാൽ, വ്യായാമം ചെയ്യുന്നത് സ്വാഭാവിക വേദനാസംഹാരിയായ എൻഡോർഫിനുകൾ ഉത്പാദിപ്പിക്കാൻ കാരണമാവുമെന്ന കാര്യം മനസ്സിലാക്കുക. അതിനാൽ, അടുത്ത തവണ ആർത്തവ സമയത്ത് ജിമ്മിൽ നിന്ന് വിട്ടുനിൽക്കാൻ ഉപദേശിക്കുന്നവരോട് ഇനി പറയുന്ന ചോദ്യം ചോദിക്കുക – ആർത്തവം തുടങ്ങിയെന്ന കാരണത്താൽ വനിതാ കായിക താരങ്ങൾ മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കാറുണ്ടോ?

ആർത്തവ സമയത്ത് അൽപ്പം കരുതൽ: സാനിറ്ററി പാഡുകൾ തുടയിൽ ഉരഞ്ഞ് തടിക്കുന്നത് ആർത്തവ സമയത്ത് മിക്ക സ്ത്രീകളും നേരിടുന്ന ഒരു പ്രശ്നമാണ്. പാഡുകൾക്ക് പകരം ടാമ്പണുകൾ ഉപയോഗിക്കുന്നത് പ്രശ്നരഹിതമായി രക്ത്രസ്രാവത്തെ നേരിടാനും ജിമ്മിൽ വ്യായാമം ചെയ്യുന്നത് കൂടുതൽ ആസ്വാദ്യകരമാക്കാനും സഹായിക്കും. ടാമ്പണുകൾ ഉപയോഗിക്കുന്നത് സുഖകരമായി തോന്നാത്തവർ തുടയിടുക്കിൽ പെട്രോളിയം ജെല്ലി പുരട്ടുന്നത് ചർമ്മം ഉരഞ്ഞ് തടിക്കാതിരിക്കാൻ സഹായിക്കും.

(image)

 

 

ജിമ്മും ആഭരണങ്ങളും: ജിമ്മിൽ വ്യായാമം ചെയ്യുമ്പോൾ വിവാഹ മോതിരവും താലിമാലയും എങ്ങനെ ഊരിവയ്ക്കും എന്ന് ആശങ്കപ്പെടുന്ന സ്ത്രീകളുണ്ട്. ചില ആഭരണങ്ങൾ ഒരിക്കലും ഊരാത്തതോ അല്ലെങ്കിൽ അതിന് അനുവദിക്കാത്തതോ ആയിരിക്കാം. എന്നാൽ, ജിമ്മിൽ പോകുന്ന സമയത്ത് ആഭരണങ്ങൾ ഇടാതിരിക്കുകയാണ് ഏറ്റവും ഉത്തമം. ഇത് വ്യായാമം ചെയ്യുമ്പോൾ അപകടമുണ്ടാക്കിയേക്കാം എന്നതിനെക്കാളുപരി ആഭരണങ്ങൾക്കടിയിൽ വിയർപ്പും അണുക്കളും അടിഞ്ഞ് ഭാവിയിൽ പലതരം ചർമ്മ അണുബാധകൾക്ക് കാരണമായേക്കാം.

നഖ സംരക്ഷണം: നീളമുള്ളതും ചായം പൂശിയതുമായ നഖങ്ങളാണ് സ്ത്രീകൾ ഇഷ്ടപ്പെടുന്നത്. എന്നാൽ അവ പരിപാലിക്കാൻ ബുദ്ധിമുട്ടാണ്. വ്യായാമം ചെയ്യുമ്പോൾ നീണ്ട നഖങ്ങൾക്ക് കേടുപറ്റുമെന്ന് മാത്രമല്ല അവ നെയിൽ ബെഡിൽ പരുക്ക് ഏൽപ്പിക്കുകയും ചെയ്യും. നിങ്ങളുടെ നഖങ്ങൾ വെട്ടി ചെറുതാക്കുന്നത് വളരെ പ്രാധാന്യമർഹിക്കുന്നു. ഇത് നഖത്തിനടിയിൽ സൂക്ഷ്മ ജീവികൾ വളരുന്നതിനെ പ്രതിരോധിക്കാനും സഹായിക്കും.

ശരിയായ അടിവസ്ത്രം: പാകത്തിലുള്ള ഒരു സ്പോർട്സ് ബ്രാ ധരിക്കുന്നത് ജിമ്മിൽ വ്യായാമം ചെയ്യുമ്പോൾ നിങ്ങളുടെ മാറിടങ്ങൾക്ക് ശരിയായ സംരക്ഷണം നൽകും.

സ്വന്തം മാറ്റ് ഉപയോഗിക്കുക: നിലത്ത് കിടന്നുകൊണ്ട് ചെയ്യുന്ന വ്യായാമങ്ങളിൽ ഏർപ്പെടുന്നുണ്ട് എങ്കിൽ നിങ്ങൾ സ്വന്തം മാറ്റിൽ വേണം കിടക്കേണ്ടത്. ജിമ്മിൽ ലഭ്യമാകുന്ന മാറ്റുകൾ കഴിവതും ഉപയോഗിക്കാതെയിരിക്കുക.

 

(image)